ലോക്പാല്‍ ബില്ലിനോടനുബന്ധിച്ച് രാജ്യം മറ്റൊരു രാഷ്ട്രീയ കലങ്ങിമറിയലിന് സാക്ഷിയാവുകയാണോയെന്ന സംശയമുയര്‍ന്നിരിക്കെ, ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ സുപ്രീം കോടതിയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും കൊണ്ടുവരുന്നതിനെ രാഷ്ട്രീ കക്ഷികള്‍ എതിര്‍ത്തുവരുന്നതാണ് വിഷയത്തില്‍ സിവില്‍ സമൂഹ പ്രതിനിധികളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാനുള്ള കാരണം. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെയും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും വലിയ ജനപ്രാതിനിധ്യ ബോഡിയെയും മറികടന്നു കൊണ്ടുള്ള ഒരു അധികാര കേന്ദ്രം വരുന്നത് ജനാധിപത്യത്തെ പ്രതിസന്ധിയിലാക്കുമെന്ന ഇടതു രാഷ്ട്രീയ കക്ഷികളുള്‍പ്പടെയുള്ളവരുടെ അഭിപ്രായം പുറത്തു വന്നെങ്കിലും വിഷയത്തില്‍ കോണ്‍ഗ്രസിനെ സമ്മര്‍്ദ്ദത്തിലാക്കാന്‍ അവരും അന്നാ ഹസാരെയുടെ അറസ്റ്റിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. രാജ്യമൊട്ടുക്കും പ്രഫഷണലുകളും മധ്യവര്‍ഗവും നഗരവാസികളും അന്നാ ഹസാരെക്ക് പിന്തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു. വാര്‍്ത്താ ചാനലുകള്‍ കാമ്പയിനുകളുമായി ഹസാരെക്കൊപ്പമുണ്ട്. ഈ സാഹചര്യത്തില്‍, ഹസാരെയും അദ്ദേഹത്തെ പിന്തുണക്കുന്നവരും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാടുകളെന്തെന്ന് പരിശോധിക്കേണ്ടതുണ്ട്.
പൗര സമൂഹ പ്രതിനിധികളെന്ന പേരില്‍ അന്നാ ഹസാരെ, നിയമവിദ്ഗ്ധന്‍ പ്രശാന്ത് ഭൂഷണ്‍, വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ് കജരിവാള്‍, കിരണ്‍ ബേദി എന്നിവര്‍ മുന്നോട്ടു വെക്കുന്ന ജനലോകപാല്‍ ബില്ലിനെ പിന്തുണച്ചു കൊണ്ട് പ്രക്ഷോഭരംഗത്തുള്ളത് അത്ര പ്രശസ്തമല്ലാത്ത സാമൂഹ്യസംഘടനകളാണ്. അവയെ നാം മുമ്പ് കണ്ടിട്ടുള്ളത് സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളിലാണ്. സംവരണവിരുദ്ധരുടെ കൂട്ടായ്മകളാണ് ബില്ലിനെ പിന്തുണച്ചു കൊണ്ട് പ്രക്ഷോഭരംഗത്തുള്ളത്. അഴിമതിയും സംവരണവും തമ്മില്‍ പ്രത്യക്ഷ ബന്ധമില്ലെങ്കിലും ഇവര്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം മനസ്സിലാക്കാന്‍ ഈ ബന്ധം സഹായിക്കും. എന്ത്‌കൊണ്ടാണ് ഇന്ത്യയിലെ തൊഴിലാളി വര്‍ഗം, ദലിത് സമൂഹം,ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ എന്നിവര്‍ ഹസാരെയെ പിന്തുണച്ചു കൊണ്ട് രംഗത്ത് വരാത്തത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ കാരണം, അഴിമതി എന്ന പദം കൊണ്ട് നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള കെടുതി അവര്‍ അനുഭവിക്കുന്നില്ല എന്നതുകൊണ്ടാണ്. അല്ലെങ്കില്‍, അഴിമതിയെന്ന കെടുതിയെക്കാള്‍ വലിയ കെടുതികളാണ് അവര്‍ രാജ്യത്ത് നേരിട്ടുകൊണ്ടിരി്ക്കുന്നത്.
ഉദാഹരണത്തിന്, ടുജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് 1.75 ലക്ഷം കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടായതായി കണക്കുകള്‍ വന്നിരുന്നു. യഥാര്‍ത്ഥത്തില്‍, ടുജി സ്‌പെക്്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സഭയോ പ്രധാനമന്ത്രി തന്നെയോ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അതു മൂലം നഷ്ടം സംഭവിച്ചിട്ടുണ്ടാവുക ആര്‍ക്കാണ്? ടെലികോം കമ്പനികള്‍ക്ക് എന്നാണ് ഉത്തരം. സ്‌പെക്ട്രം ലേലം ചെയ്തിരുന്നെങ്കില്‍ ആ തുക രാജ്യത്തിന് ലഭിക്കുമായിരുന്നു എന്നുള്ളത് ശരി. പക്ഷേ, ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ ടെലികോം കമ്പനികള്‍ക്ക് നഷ്ടമാകുന്നതിനേക്കാള്‍ വലിയ തുക ഒരു പക്ഷേ അവര്‍ക്ക് കൈക്കൂലി നല്‍കേണ്ടി വന്നിരിക്കാം. ഗോദാവരി തടത്തിലെ എണ്ണ ഖനനം, കല്‍ക്കരി ഖനനം, ബെല്ലാരി ഖനനം ഇവയെല്ലാം വിവാദമാകുന്നത് പൊതു മുതലുകള്‍ മൂലധനശക്തികള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ്. ഏത് കുത്തകക്ക് നല്‍കാന്‍ എത്ര പണം വാങ്ങി എന്നതു മാത്രമാണ് വിവാദമാകുന്നത്. യഥാര്‍ത്ഥത്തില്‍, രാജ്യത്തിന്റെ പൊതു സ്വത്തുക്കള്‍ മൂലധനശക്തികള്‍ക്ക് തീറെഴുതുന്നത് ഒരിടത്തും വിവാദമാകാറില്ല. യഥാര്‍ത്ഥ അഴിമതി അതു തന്നെയാണ്. വേദാന്ത കമ്പനിക്ക് ദണ്ഡകാരണ്യത്തില്‍ ധാതുക്കള്‍ ഖനനം നടത്താന്‍ വേണ്ടി ചിദംബരം നടത്തുന്ന ഇടപെടലുകള്‍ അഴിമതിയല്ല, സൈനികനീക്കമാണ്. ഒറീസയില്‍ പോസ്‌കോക്കെതിരെ സമരം നടത്തുന്ന ആദിവാസികള്‍ക്കും ഹസാരെയുടെ ലോക്പാലോ അഴിമതിയോ അല്ല മുഖ്യപ്രശ്‌നം.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു ഭരണകൂടം മൂലധനശക്തികള്‍ക്കും തലവേദനയാണ്. മൂലധനത്തിന്റെ അതിര്‍ത്തികള്‍ കടന്നുള്ള പ്രയാണത്തിന് അഴിമതി തടസ്സം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് മൂലധനപ്രയാണത്തിന്റെ പ്രയോക്താക്കളായ വേള്‍ഡ് ബാങ്ക് അഴിമതിക്കെതിരെ ബോധവല്‍്ക്കരണം തുടങ്ങിവെച്ചത്. അതിന്റെ പ്രചാരകരായി മൂന്നാം ലോകത്തെ മധ്യവര്‍ഗത്തില്‍നിന്ന് അവര്‍ക്കാളെ കിട്ടുമെന്നും തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടാകാം. മൂല്ലപ്പൂ വിപ്ലവം തങ്ങളുടെ മുഖത്തടിക്കുന്നതാകുമെന്നറിയാമായിരിന്നിട്ടും സാമ്രാജ്യത്വം നിശബ്ദത പാലിച്ചത് അഴിമതിക്കാരനായ മുബാറക് ഒഴിഞ്ഞിട്ട് കളത്തില്‍ തുട്ടിറക്കാമെന്നായിരുന്നു. അതു കൊണ്ടു തന്നെയാണ് 'അഴിമതി' രഹിതരായ മധ്യപൗരസ്ത്യ ദേശത്തെ ശൈഖുമാരെ സാമ്രാജ്യത്വം പിന്താങ്ങുന്നതും അവിടെയൊന്നും ജനാധിപത്യം ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് തീരുമാനിച്ചതും.
ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതും വിദേശ മൂലധനത്തിന് തടസ്സം സൃഷ്ടിക്കുന്ന, പൊതു സ്വത്ത് മൂലധനശക്തികളിലേക്കെത്തിച്ചേരുന്നതിന് തടസ്സം സൃഷ്ടിക്കുന്ന അഴിമതിക്കെതിരാണ്, അല്ലാതെ, രാജ്യത്തെ പൊതു സ്വത്ത് കുത്തകകളിലേക്കെത്തിക്കുന്ന നവ സാമ്പത്തികവാദമെന്ന അഴിമതിക്കെതിരിലല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. അതു കൊണ്ട് ഹസാരെയും പൗരസമൂഹ പ്രതിനിധികളും മുന്നോട്ടു വെക്കുന്ന ജനലോക്പാല്‍ നടപ്പിലായാല്‍ പോലും രണ്ടാമത് സൂചിപ്പിച്ച അഴിമതി, അഥവാ യഥാര്‍ത്ഥ അഴിമതി ഇല്ലാതാകുമെന്ന് കരുതേണ്ടതില്ല. എന്നു കരുതി, പ്രക്ഷോഭങ്ങളെല്ലാം വര്‍ഗസമരങ്ങളായേ തീരുവെന്ന വരട്ടു ഇടതുവാദവും പ്രായോഗികമല്ല. ഹസാരെയുടെ സമരത്തെ തളര്‍ത്തി തല്‍ക്കാലം പ്രധാനമന്ത്രിയുടെ ഓഫിസിനെ രക്ഷപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതിനായി സുപ്രീം കോടതിയെയും കൂട്ടു പിടിക്കുന്നുവെന്ന് മാത്രം. മോഡിയുടെ വികസന മാതൃകയെ പുകഴ്ത്തുന്ന ഹസാരെക്ക്് പ്രശ്‌നമാകുന്ന അഴിമതിയെ തടയാനെങ്കിലും പുതിയ നിയമത്തിന് കഴിഞ്ഞാല്‍ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും.
http://kafila.org/2011/04/12/the-making-of-anna-hazare/
